വാഷിങ്ടൺ: റഷ്യ ഏതുനിമിഷവും യുക്രൈൻ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച 50 മിനിറ്റ് ഫോണിൽ സംസാരിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവ് ആയിരിക്കും റഷ്യൻ സേന ലക്ഷ്യമിടുകയെന്ന് പാശ്ചാത്യ ഇന്റലിജൻസ് സംഘടനകൾ സൂചിപ്പിച്ചു. യുക്രെയ്ന്റെ കിഴക്കുഭാഗത്തോടു ചേർന്ന് ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബലാറൂസിൽ സംയുക്ത സൈനിക അഭ്യാസത്തിനെന്ന പേരിൽ 30,000 റഷ്യൻ പട്ടാളക്കാർ എത്തിയിട്ടുണ്ട്.
അതേസമയം, യുക്രൈനിൽനിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുൻനിർത്തി യുക്രൈൻ തലസ്ഥാനമായ കീവിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.