കൊല്ലം: വ്യക്തി ശുചിത്വത്തിൽ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിൽ സാമൂഹ്യ ശുചിത്വ അവബോധം ഏറെ താഴ്ന്ന നിലവാരത്തിലാണെന്നും അവയിൽ മുന്നേറ്റം സൃഷ്ടിച്ച് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലൂടെ പ്രകൃതിയെ അനുകൂലമാക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്നും മന്ത്റി എം.വി. ഗോവിന്ദൻ. അമൃത് പദ്ധതിയിലുൾപ്പെടുത്തി കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിൽ നിർമ്മിക്കുന്ന മലിനജല മാലിന്യ സംസ്‌കരണ ശാലയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്റി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.
നഗരത്തിലെ സെപ്റ്റിക് മാലിന്യം ശുദ്ധജല സ്രോതസുകളുമായി കലരാനുള്ള സാദ്ധ്യത പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 31.91 കോടി രൂപ ചെലവഴിച്ചാണ് പ്ളാന്റ് നിർമ്മിക്കുന്നത്. ജല അതോറിട്ടിക്കാണ് പദ്ധതി നിർവ്വഹണ ചുമതല. എ.ബി.എം സിവിൽ വെഞ്ച്വർ, ഹൈഡ്രോടെക് എന്നീ കമ്പനികൾക്കാണ് നിർമ്മാണ കരാർ.

















