തൃശൂർ: തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിൻ്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തിയ ശേഷമാണ് ഇരുവരി ഗതാഗതം ആരംഭിച്ചത്. മലബാർ എക്സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ചു ട്രയിനുകൾക്കും വേഗ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ പാളത്തിൻ്റെ ബല പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായിരുന്നു. നിരവധി ട്രെയിനുകളാണ് പൂർണമായും, ചിലത് ഭാഗികമായും റദ്ദാക്കേണ്ടി വന്നത്. രാവിലെ ഗുരുവായൂർ-എറണാകുളം, എറണാകുളം-തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം-എറണാകുളം, ഷൊർണറൂർ-എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി.
ഇതോടെ ആകെ ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയായിരുന്നു ഗതാഗതം നടന്നിരുന്നത്. ഇന്ന് രാവിലെ തൃശൂർ-പുതുക്കാട് പാളം തെറ്റിയ ചരക്ക് ട്രെയിനിൻ്റെ വാഗണുകൾ പൂർണമായി നീക്കം ചെയ്തിരുന്നു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ട്രയിൻ എഞ്ചിനും ബോഗികളും മാറ്റി. തുടർന്ന് പാളം ഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്.

















