തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി പ്രതി രാജേന്ദ്രന്‍ മോഷ്ടിച്ച നാലരപവന്‍റെ സ്വര്‍ണ്ണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. പ്രതി രാജേന്ദ്രനുമായി കന്യാകുമാരിയില്‍ തെളിവെടുപ്പ് നടത്തുകയാണ്. രാജേന്ദ്രന്‍ നടത്തിയ അഞ്ചാമത്തെ കൊലപാതകമാണ് വിനീതയുടേതെന്ന് പോലീസ് ഉദ്യോഗസഥര്‍ പറഞ്ഞു.
വിനീതയുടെ മാല 90,000 രൂപയ്ക്ക് തമിഴ്‌നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പോലീസിനെ അറിയിച്ചത്. പ്രതി കൊലപാകത്തിന് ഉപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളുമടക്കം കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി ഒളിവിൽ താമസിച്ച ലോഡ്ജിലെ ജീവനക്കാരനടക്കം രാജേന്ദ്രനെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതിയായ ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
തോവാള വെള്ളമഠം സ്വദേശിയായ ഇയാൾ കഴിഞ്ഞ ഡിസംബർ മുതൽ പേരൂർക്കടയിലെ ഒരു ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ചെടിച്ചട്ടി വിൽക്കുന്ന സ്ഥലത്തു നിൽക്കുമ്പോൾ രാജേന്ദ്രൻ വിനീതയുടെ 4 പവൻ്റെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു.
എതിർത്തപ്പോൾ കത്തി കൊണ്ടു കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ തമിഴ്‌നാട്ടിൽ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണത്തിനായി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകനെയുമാണ് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലും ഒരു കൊലപാതകം ഇയാള്‍ നടത്തിയിട്ടുണ്ട്.

















