മോസ്കോ: റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. റഷ്യ യുക്രെയ്നിനെ ഏതു സമയവും ആക്രമിച്ചേക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഈ മാസം 20ന് അകം ഇതു സംഭവിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഉണ്ടായാൽ യുഎസ് പൗരന്മാരെ രക്ഷിക്കാൻ സൈനികരെ അയയ്ക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുകെ പൗരന്മാർ യുക്രൈയ്ൻ വിട്ടു പോരണമെന്നും ആ രാജ്യത്തേക്ക് യാത്ര നടത്തരുതെന്നും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭ്യർഥിച്ചു. അമേരിക്കയ്ക്ക് പിന്നാലെ, ബ്രിട്ടൻ, കാനഡ, നെതർലാൻഡ്സ്, ലാറ്റ്‍വിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് യുക്രെയ്ൻ വിടാൻ നിർദേശിച്ചിട്ടുണ്ട്.
ജോ ബൈഡൻ-റഷ്യൻ പ്രസിഡന്റ് പുചിൻ എന്നിവരുടെ കൂടിക്കാഴ്ചയും ഉടൻ നടന്നേക്കും. പോളണ്ടിലേക്ക് മൂവായിരം സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. യുകെ വിദേശകാര്യ മന്ത്രി ലിസ് ട്രസിനു പിന്നാലെ പ്രതിരോധ മന്ത്രി ബെൻ വാലസും ഇന്നലെ മോസ്കോയിലെത്തി.
റഷ്യ വിദേശകാര്യ സെക്രട്ടറി സെർജി ലാവ്റോവുമായി ലിസ് ട്രസ് കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയമായിരുന്നു. യുകെ– റഷ്യ ബന്ധം ഏറ്റവും അപകടകരമായ സ്ഥിതിയിലാണെന്നു പോളണ്ട് സന്ദർശിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. യുക്രെയ്ൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ബ്രസൽസിലെത്തി നാറ്റോ മേധാവി യെൻസ് സ്റ്റോൽട്ടൻബർഗുമായി ചർച്ച നടത്തിയശേഷമാണു ജോൺസൻ പോളണ്ടിലേക്കു പോയത്.
ഫ്രാൻസിന്റെയും ജർമനിയുടെയും മധ്യസ്ഥതയിൽ റഷ്യ–യുക്രെയ്ൻ അധികൃതർ ബർലിനിൽ വ്യാഴാഴ്ച നടത്തിയ 9 മണിക്കൂർ ചർച്ചയും എങ്ങുമെത്താതെ പിരിഞ്ഞു.
















