കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ തന്നെയുള്ളയാളാണ്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ.
അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായ ബുധനാഴ്‌ച വൈകിട്ടുതന്നെ മരണം സംഭവിച്ചതായി ഡിസിപി ആമോസ് മാമ്മന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്രക്കാരിയെ മരിച്ചനിലയില്‍ കണ്ടത്.
മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ ഇന്നലെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റില്‍ ശരീരത്തില്‍ നിറയെ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി കുറച്ചു സമയത്തിനകംതന്നെ ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശിയാണ് പ്രതി. അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും.
ഇത്തരത്തില്‍ തര്‍ക്കമുണ്ടായിട്ടും അന്തേവാസിയെ പരിശോധിക്കുന്നതില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ക്ക് വീഴ്ച ഉണ്ടായി എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.

















