തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി ലോകായുക്ത. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും, സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്നാണ് പ്രതികരണം. തുടർ നടപടി എന്താണെന്നത് പിന്നീടാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് ലോകായുക്ത പ്രതികരണം അറിയിച്ചിരിക്കുന്നത്. കെ ടി ജലീലിന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. അനാവശ്യ ചർച്ചകളിലേക്ക് പോകേണ്ടതില്ല എന്നും ഹിയറിങ്ങിനിടെ ലോകായുക്ത കൂട്ടിച്ചേർത്തു.
വഴിയിൽ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാൽ എല്ല് എടുക്കാൻ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും ലോകായുക്ത വ്യക്തമാക്കി.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഏറെ അനിശ്ചിതത്വത്തിനൊടുവിൽ ഈയാഴ്ചയാണ് ഗവർണ്ണർ ഒപ്പിട്ടത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാം. രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടത്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവർണ്ണർ ഒപ്പിട്ടത്.

















