കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. അതിഥി അച്യുതാണ് ബിജെപി ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാകമ്മിറ്റിയില്‍ അംഗമാവുന്നത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോന്‍ എന്നിവര്‍ അംഗത്വ ചടങ്ങില്‍ പങ്കെടുത്തു.
ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് ഒരു ട്രാൻസ്ജെൻഡറായ തന്നെ നാമനിർദേശം ചെയ്തത് ഈ സമൂഹത്തിന് ബിജെപി നൽകുന്ന അംഗീകാരമാണെന്നാണ് അതിഥി അച്യുത് പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാ രാമനിൽ നിന്നും അംഗത്വമെടുക്കാനും നരേന്ദ്ര മോദി നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനും കഴിഞ്ഞത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് ആദ്യമായി മത്സ്യമേഖല സംരംഭകയായ ട്രാന്‍സ്‌ജെന്‍ഡറാണ് അതിഥി അച്യുത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയും അംഗീകാരത്തിന് ഇവർ നന്ദി അറിയിച്ചിട്ടുണ്ട്. ഭാരതീയ ജനത പാര്‍ട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമായി ഒരു അവസരം നല്‍കിയതിന് ഹൃദയത്തിൻ്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായാണ് കുറിച്ചത്.

















