പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ മലയില്‍നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ ഇന്ന് മന്ത്രി കൃഷ്ണൻകുട്ടി സന്ദർശിച്ചിരുന്നു
ചികിത്സയിലുള്ള ബാബുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള ടെസ്റ്റ് കൂടി ഇനി ബാക്കിയുണ്ട്. വെള്ളിയാഴ്ച ഈ ടെസ്റ്റ് നടത്തിയശേഷം മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നാളെതന്നെ ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള സാഹചര്യമാണുള്ളതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു ഇന്നുംകൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി ചികിത്സയില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നേരത്തെയുള്ള ക്ഷീണമെല്ലാം മാറിയിട്ടുണ്ടെന്നും ബാബുവിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎംഒയും മറ്റു ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

















