തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എഴുതിയ ആത്മ കഥയായ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ളത്. വിമർശനം ഏൽക്കേണ്ടി വന്നവർക്ക് പക ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാറിന്റെ പ്രതികരണമാണ് ശ്രദ്ധിച്ചത്. ആ അഭിപ്രായമാണ് ശരിയെന്നാണ് തന്റെ അഭിപ്രായം. പുസ്തകത്തില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെക്കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജന്‍സികളെക്കുറിച്ചുമാണ്. സ്വാഭാവികമായും വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള പ്രത്യേകതരം പക ഉയര്‍ന്നുവരും എന്ന് നാം കാണണം. അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ടോയെന്ന് ഭാവിയില്‍ മാത്രമേ പറയാന്‍ കഴിയൂ.
സര്‍വീസിലിരിക്കുമ്പോള്‍ പുസ്തകമെഴുതിയതിന് മറ്റ് പലര്‍ക്കുമെതിരേയും നടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ‘നിങ്ങളില്‍ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കര്‍ പുസ്കത്തില്‍ പറഞ്ഞിരിക്കുന്നത്. ശിവശങ്കര്‍ പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നതിനെക്കുറിച്ചാണ്, അത് പറഞ്ഞുകൊള്ളട്ടേ’ – അദ്ദേഹം പറഞ്ഞു.
വ്യാജ ബിരുദമാണെന്ന് അറിഞ്ഞിട്ടാണ് ശിവശങ്കര്‍ തനിക്ക് നിയമനം നല്‍കിയതെന്ന് സ്വപ്ന വെളുപ്പെടുത്തിയത് അവര്‍ തമ്മിലുള്ള കാര്യമാണ്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ കൃത്യമായി സ്വീകരിച്ചുവരികയാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ആരുടേയും പക്ഷം പിടിക്കുന്ന നിലയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

















