തിരുവനന്തപുരം: മീഡിയവണ്‍ ചാനലിന്‍റെ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കിന്‍റെ കാരണം എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്ന നില അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യസുരക്ഷാ കാരണങ്ങളാലാണ് നേരത്തെ കൊടുത്ത സ്റ്റേ ഒഴിവാക്കിയത് എന്നാണ് ഹൈക്കോടതി വെളിപ്പെടുത്തിയത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് ചാനല്‍ ചെയ്തതെന്ന് പറയുന്നുമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അത് രാജ്യസുരക്ഷാ കാരണങ്ങളാല്‍ പറയാന്‍ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. അത് അങ്ങേയറ്റം ശരിയല്ലാത്ത നടപടിയാണ്. അങ്ങനെയെങ്കില്‍ ഇന്നയിന്ന കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണം. ഒരു മാധ്യമ സ്ഥാപനത്തിന് അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

















