വയനാട്: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ ഐക്യദാര്‍ണ്ഡ്യ കൂട്ടായ്മ. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ കയറ്റാന്‍ അനുവദിക്കാത്ത കർണാടക നിലപാടില്‍ പ്രതിഷേധിച്ചാണ് എംഎസ്എഫിന്റ നേതൃത്വത്തില്‍ തലപ്പാടിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. തലപ്പാവും, ഹിജാബുമുള്‍പ്പടെയുള്ള വേഷങ്ങളുമായി ക്യാമ്പസില്‍ ചെല്ലുന്നതിന് തടസമില്ലാത്ത നാട്ടില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.
പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധവും കൂട്ടായ്മയില്‍ ഉയര്‍ന്നു. അതേസമയം, കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണ്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. തെലങ്കാനയില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിൽ എടുത്ത് കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

















