തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു.
അഞ്ചുവയസുകാരിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ചാലക്കുടി അതിരപ്പിള്ളി സംസ്ഥാനപാത നാട്ടുകാർ ഉപരോധിച്ചു. റോഡിന്‍റെ പലഭാഗത്തും വഴിതടയല്‍ സമരം തുടരുകയാണ്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടിരിക്കുന്നു. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് തടയാന്‍ ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം.
മരിച്ച മാള പുത്തന്‍ചിറ കഴക്കുംമുറി സ്വദേശിനിയായ ആഗ്നിമയുടെ പോസ്റ്റുമോര്‍ട്ടവും സംസ്കാരവും ഇന്ന് നടക്കും. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ അച്ഛന്‍ നിഖില്‍, മുത്തച്ഛൻ ജയന്‍ എന്നിവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു ആഗ്നിമിയ. വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്.
ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയേയും ആനയ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്ന് പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിക്കുകയായായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് കുട്ടി മരിച്ചിരുന്നു. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ഒറ്റയാൻ്റ ശല്യം രൂക്ഷമാണ്.

















