കൊച്ചി: സിപിഎം സമ്മേളനങ്ങള്‍ മാറ്റില്ല. കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറയുകയും നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയും ചെയ്ത സാഹചര്യത്തില്‍ സമ്മേളനങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്താന്‍ നേതൃത്വത്തില്‍ ധാരണയായി. അന്തിമ തീരുമാനം 17 മുതല്‍ 20 വരെ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലുണ്ടാകും.
സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ കൊച്ചിയിൽ നടത്തും. പാർട്ടി കോൺഗ്രസ് ഏപ്രിലിലും, മാറ്റിവച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി അവസാനവും നടത്തും. നേരത്തെ ജനുവരി 28, 29, 30 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം സിപിഎം ഒറ്റ ദിവസത്തിലൊതുക്കി. പിന്നീട് തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു.

















