കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് നേരത്തെ സ്വപ്‌ന പറഞ്ഞിരുന്നു. ഇഡിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു സംഭാഷണം തിരക്കഥയനുസരിച്ച് തയ്യാറാക്കിയത്. എം ശിവശങ്കറിൻ്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരു പോലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
സ്വപ്‌ന സുരേഷിൻ്റെ ശബ്ദരേഖയുടേയും സന്ദീപ് നായരുടേയും പരാതിയുടെ അടസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഇഡി ശബ്ദ രേഖയുടെ വസ്തുതകള്‍ അറിയാനുള്ള അന്വേഷണത്തിലേക്ക് ഇപ്പോള്‍ വീണ്ടും കടക്കുന്നത്.

















