തൃശ്ശൂർ: കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫിസില്‍ ക്ലറിക്കല്‍ തസ്തികയിലാണ് എം.കോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ജോലി. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫിസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് റവന്യൂ മന്ത്രി കെ രാജന് നിയമന ഉത്തരവ് കൈമാറി.
കളക്ടർ ഹരിത വി കുമാർ, ആർഡിഒ പി എ വിഭൂഷണൻ, താലൂക്ക് തഹസിൽദാർ ടി ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. പ്രദീപിന്റെ സഹോദരൻ എ പ്രസാദ്, ശ്രീലക്ഷ്മിയുടെ അച്ഛൻ ജനാർദനൻ, കോയമ്പത്തൂരിൽനിന്നെത്തിയ വ്യോമസേന മാസ്റ്റർ വാറന്റ് ഓഫീസർ സോമന്റെ ഭാര്യ സുജ, പ്രദീപിന്റെ സഹപ്രവർത്തകനും ജൂനിയർ വാറന്റ് ഓഫീസറുമായ അരുണിന്റെ ഭാര്യ രമ്യ, അവരുടെ രണ്ട് മക്കൾ എന്നിവർക്കൊപ്പമാണ് ശ്രീലക്ഷ്മി ഓഫീസിലെത്തിയത്.
ഡിസംബർ 15-ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്. യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. എന്നാൽ പ്രദീപിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകി ഭാര്യയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു.
പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിനു പുറമെ കുടുംബത്തിന് സഹായധനമായി അഞ്ചുലക്ഷം രൂപയും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മൂന്നുലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. രാജ്യത്തിനുവേണ്ടി പോരാടുന്ന ധീരജവാന്മാർക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് ആശ്രിതനിയമനമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

















