തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതിന് പിന്നാലെ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ ലോകായുക്തയുടെ ഏത് വിധിപ്രസ്താവത്തിലും തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിന്‍റെ കൈയ്യിലേക്ക് വരും.
ഇനി മുതല്‍ ലോകായുക്ത പുറപ്പെടുവിക്കുന്ന വിധികളില്‍ അപ്പീല്‍ കേള്‍ക്കാന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അധികാരമുണ്ടാകും. മുഖ്യമന്ത്രി ഇന്നലെ നേരിട്ടു കണ്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് നിയമഭേദഗതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത്. പതിനൊന്നാം തീയതി മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ലോകായുക്ത പരിഗണിക്കുന്നതിനിടെയാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ട് ഒരുമണിക്കൂര്‍ നടത്തിയ ചര്‍ച്ചയാണ് ഓര്‍ഡിനന്‍സിന് അനുവാദം ലഭിക്കുന്നതിന് ഇടയാക്കിയത്. നിയമ മന്ത്രി പി.രാജീവ് നേരിട്ടുകണ്ട് നടത്തിയ ചര്‍ച്ച, സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വിശദീകരണം എന്നിവയും ആരിഫ് മുഹമ്മദ് ഖാന്‍ കണക്കിലെടുത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളും പരാമര്‍ശങ്ങളും മുഖ്യമന്ത്രിക്കും പരിഗണിച്ച് വിധി പ്രഖ്യാപിക്കാം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത വിധിവന്നാല്‍ ചീഫ് സെക്രട്ടറിക്ക് പുനപരിശോധിക്കാം.

















