ഡൽഹി: രാജ്യത്തിലെ തന്നെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒന്നായ വോഡഫോൺ ഐഡിയ വൻ സാമ്പത്തിക നഷ്ടത്തിൽ. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വോഡഫോൺ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 4,532.1 കോടി രൂപയായിരുന്നു.മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് 9,717.3 കോടി രൂപയായി. മുൻ വർഷം 10,894.1 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
തുടർച്ചയായി നിരക്കുകൾ വർദ്ധിപ്പിച്ചിട്ടും ലാഭത്തിലെത്താൻ കമ്പനിയ്ക്ക് സാധിക്കുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല നിരക്കുകൾ വർദ്ധിപ്പിച്ചതിന്റെ ഫലമായി നിരവധി വരിക്കാർ വിട്ടുപോകുന്നതും കമ്പനിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. താരിഫ് ഉയർത്തിയതിനാൽ ഉപഭോക്താക്കളുടെ എണ്ണം 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞു. കണക്കനുസരിച്ച് ഏകദേശം രണ്ട് കോടി വരിക്കാരാണ് വിട്ടു പോയിരിക്കുന്നത്.