തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ മന്ത്രിതല ചര്‍ച്ചയ്ക്കും, വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച് അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. താരിഫ് പെറ്റിഷനില്‍ റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്ര വലിയ വര്‍ദ്ധനവ് ആദ്യമായാണ് കെഎസ്ഇബി ശുപാര്‍ശ ചെയുന്നത്.
ഇതിലൂടെ 2284 കോടി രൂപ അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം. നിലവില്‍ 4.79 പൈസയാണ് ഗാര്‍ഹിക വൈദ്യുതി നിരക്ക്. 92 പൈസ വര്‍ധിക്കുന്നതോടെ ഇത് 5 രൂപ 66 പൈസയായി ഉയരും. ഇതോടെ ഗാര്‍ഹിക നിരക്കില്‍ മാത്രം 18 ശതമാനം വര്‍ധനവാണ് ഉണ്ടാവുക.സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് കൂട്ടുന്നു; ലക്ഷ്യം 2284 കോടി അധികവരുമാനം

















