തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍. അടിയന്തര സാഹചര്യം എന്താണ് എന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടതിനാലാകണം അദ്ദേഹം നിയമഭേദഗതിയില്‍ ഒപ്പിട്ടതെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഭിപ്രായ സമന്വയം ഉണ്ടാക്കിയേ എല്‍ഡിഎഫില്‍ മുന്നോട്ടു പോകാന്‍ സാധിക്കുള്ളു. അടിയന്തര സാഹചര്യം എന്താണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ആ സാഹചര്യം എന്താണെന്ന് സിപിഐയ്ക്ക് ബോധ്യപ്പെട്ടിട്ടില്ല. ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാകും അദ്ദേഹം ഒപ്പിട്ടത്. വിഷയത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച നടത്തിയട്ടില്ല എന്ന് കാനം പറഞ്ഞു.
ക്യാബിനറ്റില്‍ നടന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷുഭിതനായാണ് കാനം മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘താന്‍ ക്യാബിനറ്റ് അംഗമല്ല, ക്യാബിനറ്റില്‍ എന്തുനടന്നു എന്ന് തന്നോട് ചോദിച്ചാല്‍ അത് അറിയാമെങ്കിലും മാധ്യമങ്ങളോട് പറയില്ല. നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത എനിക്കില്ല. പാര്‍ട്ടിയുടെ അഭിപ്രായം പരസ്യമായി പറഞ്ഞിട്ടുണ്ട്. അത് അന്തരീക്ഷത്തിലുണ്ട്.’-കാനം പറഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

















