കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഉത്തരവില്‍ പ്രത്യേകിച്ച് സന്തോഷമോ ദുഖമോയില്ല. പ്രതി പ്രബലനാണ്. എന്തും സഭവിക്കാം. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും. കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് കോടതിയിൽ നടന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
എൻ്റെ അടുത്ത നടപടികള്‍ എന്താണെന്ന് എനിക്കറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും സാക്ഷി എന്ന നിലയില്‍ മുമ്പോട്ടേക്കുള്ള എൻ്റെ യാത്ര എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണം ഇതോടെ പൂര്‍ത്തിയാവുന്നില്ല. പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നില്ലെന്ന് മാത്രമേയുള്ളു. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രയും നടപടി ക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്‌തെടുക്കാനും സമയം കിട്ടിയെന്നാണ് എൻ്റെ മനസ്സിലാക്കല്‍.
പ്രതി പ്രബലനാണ്. സാധാരണക്കാരനല്ല. സ്വാഭാവികമായും പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ കേസ് എങ്ങനെ അന്വേഷിക്കും. കോടതിക്ക് മുമ്പില്‍ പോലും നിബന്ധനകള്‍ വെച്ചായിരുന്നു പ്രതിഭാഗം വാദപ്രതിവാദം നടത്തിയത്. കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണിതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിചേര്‍ത്തു. പ്രതിക്ക് ജാമ്യം ലഭിച്ചതിലൂടെ തൻ്റെ വാദമുഖങ്ങള്‍ ഇല്ലാതാവുന്നില്ല. ബാലചന്ദ്രകുമാറിൻ്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടോ എന്നതിലപ്പുറത്തേക്ക് മറ്റുകാര്യങ്ങളുണ്ട്.
വിധിയെ ബാധിച്ചത് മറ്റുകാര്യങ്ങളായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പലതവണ വാദം കേട്ട ഹര്‍ജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.

















