തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാതലവൻ മെന്റൽ ദീപു (37) മരിച്ചു. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് മെന്റല്‍ ദീപു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ദീപുവിൻ്റെ തലയില്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോത്തന്‍കോട് പോലീസ് പറയുന്നത്.
കടത്തിണ്ണയിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. കഴക്കൂട്ടത്ത് പച്ചക്കറി കടയില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറില്‍ ശ്രീകാര്യം ചേന്തിയില്‍ സംഘാംഗമായ ശരത് ലാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് ദീപു.

















