തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും(college) ഇന്ന് വീണ്ടും തുറക്കും(opens). 10,11,12 ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
കോവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം വന്ന സാഹചര്യത്തിലാണ് ക്ലാസുകൾ ഓഫ് ലൈനായി തുടങ്ങാൻ തീരുമാനിച്ചത്. കുറേ നാളുകൾക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലെത്തി. എൺപതിനായിരത്തോളം സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് 26,729 പേരാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ല. വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കിയിരുന്നു. അതേസമയം രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തണമെന്നും ക്വാറന്റൈൻ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.

















