കൊച്ചി: ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പറവൂരിലെ സജീവന്റെ കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തും നീതി ലഭ്യമാക്കുമെന്ന് അറിയിച്ച് റവന്യൂ മന്ത്രി കെ രാജൻ. സജീവന്റെ അപേക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സജീവന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു.
മുന്‍എംഎല്‍എ എസ്. ശര്‍മ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവര്‍ക്കൊപ്പമാണ് മന്ത്രി സജീവന്റെ വീട്ടിലെത്തിയത്. ഭൂമി തരംമാറ്റലിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. സജീവന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും റവന്യൂ ഓഫീസുകളിലെ തിരക്കും ആൾ ക്ഷാമവും കുറക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുറ്റക്കാർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും പറഞ്ഞു. റവന്യൂ ഓഫീസുകളിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തുമെന്നും റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ഏജൻറുമാരുടെ ഇടപെടൽ നിയന്ത്രിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വീട്ടുപറമ്പിലെ മരക്കൊമ്പിലാണ് സജീവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷം മുന്‍പാണ് സജീവന് അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. കടബാധ്യതയേറിയതിന് പിന്നാലെയാണ് വീടും സ്ഥലവും പണയം വച്ച് വീട്ടാമെന്ന തീരുമാനത്തിലെത്തിയത്. ആധാരത്തില്‍ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനാല്‍ വായ്പ്പ നല്കാന് സാധിക്കില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഭൂമി പുരയിടം എന്നാക്കി മാറ്റുന്നതിനായി സജീവന് സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ചിറക്കി വിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ദുശിച്ച ഭരണവും കൈക്കൂലിയുമാണ് തന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

















