തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രി രാജ്ഭവനിലെത്തിയാണ് ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ന് വൈകിട്ട് 5 മണിയോടുകൂടിയാണ് മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം ക്ലിഫ് ഹൗസിൽ പോയി. അവിടെ നിന്ന് തൊട്ടടുത്ത സമയത്ത് തന്നെ അദ്ദേഹം രാജ്ഭവനിലേക്ക് എത്തുകയായിരുന്നു. വിവാദ ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ഓർഡിനൻസിൽ ഗവർണ്ണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ ഗവർണ്ണർ ഒപ്പിടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ലോകായുക്താ നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്ക് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. ഇതിന്റെ നിയമസാധ്യത അടക്കമുള്ള മറ്റു കാര്യങ്ങൾ ഗവർണർ നിയമോപദേശം തേടാനുള്ള സാധ്യത ഉണ്ടായിരുന്നു എന്ന് രാജ്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചിരുന്നു. ഗവർണർ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ഓർഡിനൻസിൽ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിവരം. കൂടിക്കാഴ്ചയിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി നൽകിയേക്കുമെന്നാണ് വിവരം.

















