ദുബായ്: സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായിൽ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
പദ്ധതി നടപ്പിലാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണ്. സർക്കാരിനെ ജനം അധികാരത്തിൽ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാൽ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തിൽ നടപ്പാക്കിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആളുകൾക്ക് അവബോധം നൽകിയതു കൊണ്ടാണ് പദ്ധതി നടപ്പിലായത്. വികസന കാര്യത്തിൽ നാട് ഒരുമിച്ചു നിൽക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണം മുഖ്യമന്ത്രി വിശദമാക്കി.
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ഇക്കാര്യം ഇ.ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിലർ കാര്യമറിയാതെയും മറ്റുചിലർ മറ്റുചില ഉദ്ദേശത്തോടെയുമാണ് പദ്ധതിയെ എതിർക്കുന്നത്. നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ വിഷമമുണ്ടാകുമെന്നത് വസ്തുതയാണ്. ആ പ്രയാസം സർക്കാർ അംഗീകരിക്കുന്നു. അതിനുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

















