കൊച്ചി: ആക്രമിക്കപ്പെട്ടതിൻ്റെ ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന വാര്‍ത്ത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും കത്തിൻ്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ എറാണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇതില്‍ അന്വേഷണം വേണമെന്നാണ് വെള്ളിയാഴ്ച അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്തുള്ള ചില ആളുകളില്‍ ദൃശ്യങ്ങള്‍ എത്തിയെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അത് ഞെട്ടിക്കുന്നതാണ്. തൻ്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.
പ്രതിയായ ദിലീപിന്‍റെ കൈയിൽ ദൃശ്യങ്ങൾ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങൾ അയച്ചോ എന്നും പരിശോധിക്കണം. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാൾക്ക് ലഭിച്ചുവെന്ന സംശയമാണ് കത്തിൽ ഉന്നയിക്കുന്നത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി രേഖമൂലം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷൻ്റെ വാദങ്ങള്‍ക്കു ശേഷം ദിലീപിൻ്റെ അഭിഭാഷകന്‍ അധികവാദങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് രേഖമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന മറുപടി കോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്. ഇന്നും നാളെയും ഇതുപരിശോധിക്കും. പ്രോസിക്യൂഷൻ്റെ വാദം കൂടി പരിഗണിച്ച് കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും.

















