കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിൻ്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു. പത്തു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി രംഗത്തു വന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാര്‍. 2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോണ്‍നമ്പറിൻ്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.
പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ റെക്കോഡ് ചെയ്‌തെന്നും, പരാതി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഗൂഡാലോചനയ്ക്ക് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി.
എന്നാൽ എല്ലാ കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി പ്രതിഭാഗവും മറുപടി എഴുതി നൽകി. ഇതിനിടെ കേസിലെ നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിൽ ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിക്കും ഹൈക്കോടതിക്കും പരാതി നൽകി. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷൻ എഴുതി നൽകിയ രേഖയിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തുന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരൻ അനൂപിനോട് പറഞ്ഞത്.
കൃത്യം നടത്തിയശേഷം അടുത്ത ഒരു വർഷത്തേക്ക് ഫോൺ അടക്കം യാതൊരു രേഖകളും ഉണ്ടാകരുതെന്ന് അനൂപും പറയുന്നുണ്ട്. 2018 മേയിൽ ആലുവ പോലീസ് ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എവി ജോർജ്, എഡിജിപി സന്ധ്യാ എന്നിവർക്കായി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട് സലീം എന്ന എൻ ആർ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്. കോടതിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ ഒരു ബിഷപ്പിന് പണം കൊടുത്തതായി സുരാജിന്‍റെ മൊഴിയിലുണ്ട്. എന്നാൽ അക്കാര്യം ചോദിച്ചപ്പോൾ ദിലീപ് ബഹളം വെച്ചെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ മറുപടി വാദം എഴുതി നൽകിയിരിക്കുന്നത്. എൻ ആർ ഐ ബിസിനസുകാരന്‍റെ മൊഴിപോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്.
ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ഇതിനിടെ പീഡനദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണം പരിശോധിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി – ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർക്കുമാണ് കത്ത് നൽകിയിരിക്കുന്നത്.

















