ആലുവ: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കം പ്രതികൾ ശബ്ദ പരിശോധനക്ക് ഹാജരാകും.ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് തീരുമാനം.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ ദിലീപ് നിയമത്തിന് വഴങ്ങണമെന്ന് ചൂണ്ടിക്കാട്ടി. ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച പ്രോസിക്യൂഷന്‍ പ്രതികളുടെ പശ്ചാത്തലം കൂടി ജാമ്യാപേക്ഷയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുൻപ് സമർപ്പിക്കാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.

















