ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ രണ്ട് സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 13 ഭീകരരെയും സൈന്യം വധിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ മേഖലയിലെ പഞ്ച്ഗുറിൽ സുരക്ഷാക്യാംപിനും നോഷ്‌കിയിൽ ഫ്രോണ്ടിയർ കോർ പോസ്റ്റിനും നേരെയായിരുന്നു ഭീകരാക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം പാക് പട്ടാളത്തിന്റെ സൈനിക ക്യാമ്പിന് നേരെ ബലൂച് പോരാളികൾ ആക്രമണം നടത്തിയിരുന്നു. 170 ഓളം പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പഞ്ച്ഗുർ, നുഷ്‌കി എന്നിവിടങ്ങളിലെ പാക് സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ബലൂച് പോരാളികൾ ആക്രമണം നടത്തിയത്.
ക്യാമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്നടിഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് കൂടുതൽ പാക് സൈന്യം പ്രദേശത്തേക്ക് എത്തിയെങ്കിലും അവർക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ലെന്നും ബലൂചിസ്താൻ പോരാളികൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ പാകിസ്താൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
















