തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന്റെ അഭിപ്രായങ്ങളെ തള്ളി സിപിഎം. ലോകായുക്തയെക്കുറിച്ച് ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഭിപ്രായം പറയാൻ ജലീലിനു സ്വാതന്ത്ര്യമുണ്ട്. ജലീൽ പറയുന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ലോകായുക്തയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ല.
ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയില്‍ മന്ത്രി തെറ്റ് ചെയ്തിട്ടില്ല എന്ന് ലോകായുക്ത വ്യക്തമായി. വിധി സ്വാഗതാർഹമാണ്. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയിൽ ഇല്ലെന്നും കോടിയേരി പറഞ്ഞു. സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. എല്‍ഡിഎഫിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ കാര്യങ്ങളിലും ചർച്ച നടത്തി മുന്നോട്ടു പോകുന്ന പാർട്ടികളാണ് സിപിഎമ്മും സിപിഐയും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ പാർട്ടികൾക്കിടയിൽ ഇല്ല. ലോകായുക്ത ഭേദഗതി ഓർഡിനൻസിനെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ ഒരു ഘടകകക്ഷിയും എതിർത്തില്ല.
ഗവർണറും സർക്കാരുമായും തർക്കമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓർഡിനൻസ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാത്തത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീയതി നിശ്ചയിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

















