ഡൽഹി: ചന്ദ്രയാൻ 3 2022 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് . ലോകസഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് ജിതേന്ദ്ര സിംഗ് ചന്ദ്രയാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദേശീയ തലത്തിലുള്ള വിദഗ്ധർ വിശകലനം ചെയ്തുവെന്നും ചന്ദ്രയാൻ മൂന്നിനായുള്ള ജോലികൾ പുരോഗമിക്കുന്നുവെന്നുമാണ് ജിതേന്ദ്ര സിംഗ് ലോകസഭയെ വ്യക്തമാക്കി.
ദൗത്യത്തിന്റെ ഭാഗമായ പല പ്രത്യേക പരീക്ഷണങ്ങൾ പൂർത്തിയായെന്നും വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നുമാണ് ജിതേന്ദ്ര സിംഗിന്റെ മറുപടി. കൊവിഡ് മൂലം പല ദൗത്യങ്ങളും വൈകിയെന്നും എങ്കിലും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് വിശദീകരണം. ഏത് പദ്ധതിക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന കാര്യത്തിൽ കൊവിഡ് കാലത്ത് പുനരാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.