വാഷിംഗ്ടൺ: ഐഎസ് തലവനെ ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറൻ സിറിയയിൽ തീവ്രവാദ വിരുദ്ധ സേനയുടെ പ്രത്യേക സംഘം ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തില്‍ ഐഎസ് നേതാവ് അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷി കൊല്ലപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡൻ ഐഎസ് നേതാവിന്റെ മരണ വാർത്ത സ്ഥിരീകരിച്ചു.
“കഴിഞ്ഞ ദിവസം രാത്രി എന്റെ നിർദേശ പ്രകാരം യുഎസ് സൈന്യം വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഭീകരവിരുദ്ധ ഓപറേഷൻ നടത്തി. അമേരിക്കൻ പൗരന്മാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും സംരക്ഷിക്കാനായിരുന്നു അത്. സൈന്യത്തിന്റെ ധീരതയ്ക്കും നൈപുണ്യത്തിനും നന്ദി, ഞങ്ങൾ ഐഎസ്‌ഐഎസ് നേതാവ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെ വധിച്ചു. എല്ലാ അമേരിക്കൻ പൗരന്മാരും ദൗത്യം പൂർത്തിയാക്കി സുരക്ഷിതരായി മടങ്ങി.”-ബൈഡൻ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി ഹെലികോപ്റ്ററുകൾ ആക്രമണത്തിൽ പങ്കെടുത്തു. ബുധനാഴ്ച അർധരാത്രിയിൽ തുർക്കിയോട് അതിർത്തി പങ്കിടുന്ന വടക്കൻ ഇഡ്ലിബ് പ്രവിശ്യയിലായിരുന്നു ആക്രമണം നടന്നത്. യുഎസ് സേനയ്ക്കു ശക്തമായ ചെറുത്തുനിൽപ്പാണ് നേരിടേണ്ടിവന്നതെന്ന് പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.
അബു ബക്കർ അല്ഡ ബാഗ്ദാദിയുടെ മരണത്തെ തുടർന്ന് 2019 ഒക്ടോബർ 31 നാണ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി ഇസ്ലാമിക് നേതാവായി ചുമതലയേൽക്കുന്നത്. ഖുറൈഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.
















