ലക്നോ: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. എന്നാല്‍ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡ് ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്തിയതായിരുന്നു കനയ്യ കുമാര്‍. അക്രമിയെ പ്രവര്‍ത്തകര്‍ പിടികൂടി. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
‘അക്രമികള്‍ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികള്‍ സമീപത്ത് നിന്ന 3-4 യുവാക്കളുടെ മേല്‍ വീണു,’ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലക്നോവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്താനാണ് കനയ്യ കുമാര്‍ എത്തിയത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാര്‍ പറഞ്ഞു.
‘ഹത്രാസ്, ഉന്നാവ്, ലഖിംപൂര്‍ ഖേരി സംഭവങ്ങള്‍ നടന്നത് മുതല്‍, നീതി തേടി കോണ്‍ഗ്രസ് തെരുവിലാണ്, രാജ്യം കെട്ടിപ്പടുക്കാത്തവര്‍ രാജ്യത്തെ വില്‍ക്കുകയാണ്, കോണ്‍ഗ്രസ് ഇന്ത്യയെ കെട്ടിപ്പടുത്തു, അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ്’ കനയ്യ കുമാര്‍ പറഞ്ഞു.
















