ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം നടത്തുകയാണ്. വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റിലുണ്ട്. യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്.
പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടതോടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഈ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി ആരംഭിക്കുന്നത്. പ്രാദശിക ഭാഷകളിലായിരിക്കും ചാനലുകൾ. പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വണ്‍ക്ലാസ് വണ്‍ ടിവി ചാനല്‍ പ്രോഗ്രാം 12 മുതല്‍ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ-വിഷ്വല്‍ പഠനരീതി കൊണ്ടുവരും. രണ്ട് ലക്ഷം അംഗന്‍വാടികളെ നവീകരിക്കാന്‍ സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും. പ്രകൃതി സൗഹാര്‍ദപരമായ, സീറോ-ബജറ്റ് ഓര്‍ഗാനിക് ഫാമിങ്, ആധുനികകാല കൃഷി എന്നിവയിലേക്കെത്തിച്ചേരുന്നതിനായി കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
















