ലണ്ടന്‍: പാർട്ടി ഗേറ്റ് വിവാദത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കുന്നു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പറഞ്ഞു.
കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പാര്‍ട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ ക്ഷമ പറഞ്ഞത്. ബോറിസ് ജോണ്‍സണും ഓഫീസിനും ഗുരുതരമായ തെറ്റുപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ രാജിയില്ലെന്ന് ബോറിസ് ജോണ്‍സൺ ആവര്‍ത്തിച്ചു.
ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും മദ്യവിരുന്നുകൾ നടന്നിട്ടുണ്ടെന്നാണു വാർത്തകൾ. 2020 മേയില്‍ രാജ്യം ലോക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ബോറിസ് ജോൺസണിന്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു.
അതിനിടെയാണ് 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസൽക്കാരം നടന്നത്. ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തതിനെതിരെ ബ്രിട്ടനിലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
















