ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച് നടത്താം. ഗ്രൗണ്ടുകളിൽ 1000 പേർ വരെ പങ്കെടുക്കാം. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ 20 പേർ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകൾ.
നിലവില്‍ ബിജെപി അടക്കമുള്ള മുഖ്യ പാര്‍ട്ടികളെല്ലാം വീടു കയറിയുള്ള പ്രചാരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. യുപിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി വീടു കയറി ക്യാമ്പയിന്‍ നടത്തുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ് പി നേതാവ് അഖിലേഷ് യാദവും സമാന രീതിയില്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെര്‍ച്വല്‍ റാലികളും ഇന്നുമുതല്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്.
അതേസമയം റോഡ് ഷോകള്‍ക്കും റാലികള്‍ക്കുമുള്ള നിരോധനം ഫെബ്രുവരി 11 വരെ നീട്ടി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനമായത്.
















