മൂന്നാർ: കരടിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 17 അംഗ സംഘത്തിലെ യുവാവ് ട്രെക്കിംഗിനിടെ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷാർളിയുടെ മകൻ ഷിബിനാണ് (25) മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഒമ്പത് യുവാക്കളും എട്ട് യുവതികളും അടങ്ങുന്ന സംഘം ശനിയാഴ്ച രാവിലെയാണ് മൂന്നാറിൽ എത്തിയത്.
രാത്രിയോടെ കരടിപ്പാറയിലെത്തിയ സംഘം വ്യൂ പോയിന്റിന് സമീപമുള്ള മലയുടെ മുകളിലുള്ള ഒരു ടെന്റ് റസോർട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ എട്ട് മണയോടെ സമീപത്തുള്ള വലിയ മലകയറുന്നതിനായി ഷിബിനും മറ്റ് ഏഴ് സുഹൃത്തുക്കളും പുറപ്പെട്ടു. സാഹസികത നിറഞ്ഞ കുത്തനെയുള്ള മലകയറ്റം പാതിവഴിയിൽ ഉപേക്ഷിച്ച് കൂട്ടത്തിൽ അഞ്ച് പേർ തിരികെ പോന്നു. ഷിബിനും രണ്ട് സുഹൃത്തുക്കളും യാത്ര തുടർന്നു. ഇതിനിടെ ഷിബിൻ കാൽ വഴുതി 600 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
















