ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന ‘ഓ മിത്രോം’ പ്രയോഗം ഒമിക്രോണിനേക്കാൾ വലിയ അപകടകാരിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാർട്ടിക്കും അതിൻ്റെ നേതാക്കന്മാർക്കും എതിരെ ശശി തരൂർ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
‘ഒമിക്രോണിനേക്കാള്‍ വളരെ അപകടകാരിയാണ് ‘ഓ മിത്രോം’! ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കല്‍, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയിലെല്ലാം ഈ വാക്കിൻ്റെ അനന്തരഫലങ്ങള്‍ നമ്മള്‍ അളക്കുകയാണ്. ഈ വേരിയന്റിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ല’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Far more dangerous than #Omicron is “O Mitron”! We are measuring the consequences of the latter every day in increased polarisation, promotion of hatred & bigotry, insidious assaults on the Constitution & the weakening of our democracy. There is no “milder variant” of this virus.
— Shashi Tharoor (@ShashiTharoor) January 31, 2022
രാജ്യത്തെ ഗുരുതരമായ കോവിഡ് സാഹചര്യത്തെ ലഘൂകരിച്ച് കാണിക്കാനുള്ള ശ്രമമാണിതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി കോവിഡിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ഗുരുതരമായ സാഹചര്യത്തെ ലഘൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















