ശാസ്താംകോട്ട : കർഷകരെ കനത്ത പ്രതിസന്ധിയിലാക്കി കുന്നത്തൂർ ഐവർകാല പെരുംകുളഞ്ഞി ഏലായിൽ സമൂഹവിരുദ്ധശല്യം. കൃഷിക്ക് ഉപയോഗിക്കുന്നതിനായി ഏലാത്തോട്ടിലെ തടയണകളിൽ കെട്ടിനിർത്തുന്ന വെള്ളം രാത്രി നിരന്തരം തുറന്നുവിടുന്നതാണ് കർഷകരെ വലയ്ക്കുന്നത്. കനാൽ തുറക്കാത്തതിനാൽ രൂക്ഷമായ ജലക്ഷാമമാണ് പെരുംകുളഞ്ഞി, തമിഴംകുളം ഏലാകളിലെ കർഷകർ ഇപ്പോൾ നേരിടുന്നത്.
ഏലാത്തോട്ടിലൂടെ വരുന്ന വെള്ളം തടയണകളിൽ ശേഖരിച്ച് കൈത്തോടുകളിലൂടെയും ചാലുകളിലൂടെയും തിരിച്ചുവിട്ടാണ് കർഷകർ പ്രതിസന്ധി മറികടക്കുന്നത്. മൂന്നുതടയണകളാണുള്ളത്. ഇവയുടെ കുറുക്കുപലകകൾ വർഷങ്ങൾക്കുമുമ്പ് ആരോ കടത്തി. അതിനാൽ കർഷകർ തുണ്ടുപലകകളും വാഴപ്പിണ്ടിയും െവച്ച് അടച്ചാണ് നിലവിൽ വെള്ളം തടഞ്ഞുനിർത്തുന്നത്.
















