ആലപ്പുഴ : ആലപ്പുഴ ബൈപാസിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിക്കുകയും ചെയ്തു. അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് ക്യാമറകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.കളക്ടർ എ. അല്കസാണ്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എയാണ് വിഷയം അവതരിപ്പിച്ചത്.
സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതും ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർ കഴിഞ്ഞ ദിവസം ദേശീയ പാതാ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. ഫലപ്രദമായ നിരീക്ഷണ സംവിധാനം കൂടി സജ്ജമായാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയൂ. ക്യാമറകൾ സ്ഥാപിക്കുന്നതിനു വേണ്ടിവരുന്ന തുക എം.പിയുടെയും എം.എൽ.എയുടെയും ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനും യോഗം തീരുമാനം എടുക്കുകയും ചെയ്തു.
















