കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ(mobile phones) ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി പ്രതികളോടും നിർദേശിച്ചിരിക്കുന്നത്.
രാവിലെ ദിലീപിന്‍റെ അഭിഭാഷകർ ഫോണുകൾ കോടതിയിൽ ഹാജരാക്കും. ദിലീപ് വിവിധ കാലയളവില്‍ ഉപയോഗിച്ച ഫോണുകള്‍ നല്‍കാനായിരുന്നു ആവശ്യം. ദിലീപിന്‍റെ മൂന്നു ഫോണും. സഹോദരന്‍ അനൂപിന്‍റെ രണ്ടു ഫോണും ബന്ധു അപ്പുവിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്. ദിലീപിനെ കൂടാതെ അനൂപ് ,സുരാജ്, അപ്പു, ബൈജു എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ.