തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി. ബെംഗളൂരുവിനായി റോഷന്‍ സിങ് നയോറം വിജയഗോള്‍ നേടി.
ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.
കോവിഡ് ഏല്‍പ്പിച്ച ആഘാതം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ടീം മത്സരത്തിനു തയാറായിട്ടില്ലെന്ന് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയത്.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ബ്ലാസ്‌റ്റേഴ്‌സ് തനത് ശൈലിയില്‍ ആക്രമിച്ച് കളിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബംഗളൂരു ലീഡെടുത്തത്. തകര്‍പ്പന്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു റോഷന്റെ ഗോള്‍. റോഷന്റെ സീസണിലെ ആദ്യ ഗോളാണിത്.