ഇടുക്കി: മൂന്നാറിൽ വ്യൂ പോയിന്റിലെ കൊക്കയിൽ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ(25)ആണ് മരിച്ചത്. അപകടം നടന്ന ശേഷം ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരടിപ്പാറ വ്യൂ പോയിന്റിൽ ഇന്ന് രാവിലെയാണ് സംഭവം. ഷിബിൻ ഉൾപ്പടെ 17 പേരാണ് ഇവിടെ എത്തിയത്. കരടിപ്പാറയ്ക്ക് സമീപമുള്ള മലയിൽ ടെന്റടിച്ച് കഴിയുകയായിരുന്നു സംഘം. അടുത്തുള്ള മലയിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെ ഷിബിൻ കാല് വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
600 അടി താഴ്ച്ചയിലേക്കാണ് ഷിബിന് പതിച്ചത്. അപകടത്തിൽപ്പെട്ടയുടനെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തൂവൽ പോലീസ് സംഭവത്തിൽ തുടർ നടപടി സ്വീകരിച്ചു.