കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ പെൺകുട്ടികളുടെ പ്രതിഷേധം. കാണാതായി തിരിച്ചെത്തിയ പെൺകുട്ടികളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിഷേധിച്ചത്. പിടിയിലായ യുവാക്കൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പീഡിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് പോക്സോ കേസ് ചുമത്തിയ യുവാക്കൾ തങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്ന് പെൺകുട്ടികൾ പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് യുവാക്കൾ ജയിലിലായതെന്നും പെൺകുട്ടികൾ വ്യക്തമാക്കി. പോലീസ് സ്റ്റേഷനിൽ അനുഭവിച്ച കാര്യങ്ങൾ തങ്ങൾക്ക് മാത്രമേ അറിയൂവെന്നും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പെൺകുട്ടികൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പെൺകുട്ടികൾ വിളിച്ചു പറയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി. പെൺകുട്ടികളുടെ താൽപര്യം സംരക്ഷിക്കും. കുട്ടികളെ മാറ്റിപാർപ്പിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും ചെയർമാൻ പി എം തോമസ് മാധ്യമങ്ങളോട് പറഞ്ഞു.