ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയ കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ ജോലിചെയ്യുന്ന മനോജ് കുമാർ ആണ് അറസ്റ്റിലായത്. യോഗി ആദിത്യനാഥിൻ്റെ പേരിൽ ഇമെയിൽ ഐഡി ഉണ്ടാക്കുകയും വ്യാജ ഒപ്പിട്ട് സ്വന്തം പത്രത്തിൻ്റെ പ്രചാരണത്തിനായി ഉപയോഗിക്കുകയുമായിരുന്നു ഇയാൾ.
2016-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഒഡീഷയിലെ മാധ്യമപ്രവർത്തകനായ മനോജ് കുമാറിനെ ഡൽഹി പോലീസിൻ്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഭുവനേശ്വറിൽ പ്രാദേശിക ദിനപത്രം നടത്തുന്നയാളാണ് മനോജ് കുമാർ. യോഗി ആദിത്യനാഥിൻ്റെ പേരിൽ വ്യാജ ഇ-മെയിൽ നിർമിച്ച ഇയാൾ പത്രത്തിന് പരസ്യം ലഭിക്കാൻ വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തൻ്റെ പത്രത്തിന് പരസ്യം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലിൽനിന്ന് ഒട്ടേറെ പൊതുമേഖല കമ്പനികൾക്കാണ് ഇയാൾ മെയിൽ അയച്ചിരുന്നത്. മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെടുന്നതാണെന്ന് വ്യാജ ഐഡി ഉപയോഗിച്ച് നിരവധി ഇമെയിലുകൾ പ്രതി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പോലുള്ള പൊതുമേഖലാ കമ്പനികൾക്കും അയച്ചു.
തൻ്റെ പ്രാദേശിക പത്രത്തിനായി പരസ്യം തേടിയാണ് ഇയാൾ മെയിലുകൾ അയച്ചത്. കത്തുകളിൽ യോഗിയുടെ വ്യാജ ഒപ്പുകൾ ചേർത്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യോഗിയുടെ അന്നത്തെ പേഴ്സനൽ സെക്രട്ടറിയായിരുന്ന രാജ്ഭൂഷൺ സിങ് ഡൽഹി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐപി അഡ്രസ് പിന്തുടർന്നാണ് പോലീസ് പ്രതിയെ ഒഡീഷയിൽനിന്ന് പിടികൂടിയത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മനോജ്കുമാറിനെതിരേ നേരത്തെ കട്ടക്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ‘സമാജ് ആജ്ന’ എന്ന ന്യൂസ് പേപ്പർ നടത്തിവരികയായിരുന്നു ഇയാൾ. ഭുവനേശ്വറിൽ ഒളിവിൽ കഴിയുന്നു എന്ന വിവരം ലഭ്യമായതിനെ തുടർന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.