പാലാ: നഗരത്തിലെ രണ്ട് ബസ് സ്റ്റാൻഡുകളിലെയും സാമൂഹ്യവിരുദ്ധ ശല്യവും മദ്യപാനികളുടെ ശല്യവും മറ്റ് അനധികൃത പ്രവർത്തനങ്ങളും തടയാൻ നഗരസഭാ അധികൃതർ കർശന നടപടികൾക്കായി ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് ആവശ്യമുയർന്നിരുന്നു.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെയും ടൗൺ ബസ് സ്റ്റാൻഡിലെയും സാമൂഹ്യവിരുദ്ധ ശല്യം കർശനമായി തടയണമെന്നും അനധികൃത പാർക്കിംഗും തടയണമെന്നും ഭരണപക്ഷാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടിരുന്നു.
അടുത്തകാലത്ത് പട്ടാപ്പകൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ 13 കാരിയെ ബസ് കണ്ടക്ടർ പീഡിപ്പിച്ച സംഭവവും, ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാർ മദ്യലഹരിയിൽ പൊലീസ് പിടിയിലായ സംഭവവും നഗരസഭയ്ക്ക് നാണക്കേടായിരുന്നു. ഇതോടൊപ്പം ടൗൺ ബസ് സ്റ്റാൻഡിൽ പട്ടാപകൽ പോലും മദ്യപാനികൾ അഴിഞ്ഞാടുന്നതും നഗരസഭയ്ക്കും പൊലീസിനും തലവേദനയായിരുന്നു.