പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ മധുവിൻ്റെ കുടുംബത്തിന് കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി. താരത്തിൻ്റെ ഓഫീസിൽ നിന്ന് ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ അട്ടപ്പാടിയിലുള്ള മധുവിൻ്റെ വീട്ടിലെത്തുമെന്നും മധുവിൻ്റെ സഹോദരി സരസു പറഞ്ഞു.
കേസിൽ നിയമോപദേശം നൽകാൻ മമ്മൂട്ടി വേണ്ട സഹായങ്ങൾ ചെയ്യുമെന്നാണ് റിപ്പോർട്ട്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മധുവിൻ്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ചിലർ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നുവെന്ന് മധുവിൻ്റെ സഹോദരി പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സർക്കാരും സപെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിൻ്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.