റിയാദ്: സൗദിയിൽ കൊവിഡ് വ്യാപനത്തിന് നേരിയ കുറവ്. പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,913 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ നാലായിരത്തിന് മുകളിലായിരുന്നു കേസുകൾ. നിലവിലെ രോഗികളിൽ 4,284 പേർ സുഖം പ്രാപിച്ചു . ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,79,384 ഉം രോഗമുക്തരുടെ എണ്ണം 6,30,816 ഉം ആയി. ആകെ മരണസംഖ്യ 8,931 ആയി. ആകെ 40,008 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 878 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.85 ശതമാനവും മരണനിരക്ക് 1.31 ശതമാനവുമായി.