കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് കോട്ടയത്തെ പ്രവര്‍ത്തകര്‍ ഇന്ന് സ്വീകരണം നല്‍കും. പുതുപ്പള്ളിയിലെ വീട്ടില്‍ വച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് നേതാക്കള്‍ അറിയിച്ചു. സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വിഎസിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്.
കേസില്‍ അപ്പീല്‍ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013 ജൂലൈയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിൻ്റെ ആരോപണത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
സോളാർ തട്ടിപ്പ് നടത്താൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിൻ്റെ പ്രസ്താവന. ഇതിനെതിരെയാണ് 2014ൽ ഹർജി നൽകിയത്. തന്നെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസിൽ അപ്പീൽ പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.